കോവിഡ് മെഡിക്കല്‍ മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ഭീഷണിയാകുമെന്ന് ലോകാരോഗ്യസംഘടന
കോവിഡ് മെഡിക്കല്‍ മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ഭീഷണിയാകുമെന്ന് ലോകാരോഗ്യസംഘടന
പതിനായിരക്കണക്കിന് ടണ്‍ അധികം മെഡിക്കല്‍ മാലിന്യങ്ങളാണ് കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഉണ്ടായിരിക്കുന്നത്
കോവിഡ് ആശുപത്രികളിൽ നിന്നും പുറത്തുവരുന്ന മെഡിക്കൽ മാലിന്യങ്ങൾ മനുഷ്യനും പരിസ്ഥിതിക്കും ഭീഷണിയാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മാലിന്യ സംസ്ക്കരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ലോകാരോഗ്യസംഘടനയുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പ്.
പതിനായിരക്കണക്കിന് ടൺ അധികം മെഡിക്കൽ മാലിന്യങ്ങളാണ് കോവിഡ് മഹാമാരിയെത്തുടർന്ന് ഉണ്ടായിരിക്കുന്നത്. ഇത് ലോകമെമ്പാടുമുള്ള ആരോഗ്യസംവിധാനത്തിന് ഭീഷണിയുയർത്തിയിരിക്കുകയാണ്.
കോവിഡ് 19 മഹാമാരിയുടെ സാഹചര്യത്തിൽ അടിയന്തിര ആവശ്യത്തിനായി അംഗരാജ്യങ്ങളിലേക്ക് 2020 മാർച്ച് മുതൽ 2021 മാർച്ച് വരെയുള്ള കാലത്ത് 87,000 ടൺ പി.പി.ഇ. കിറ്റുകൾ ആണ് നൽകിയത്. ഇവയെല്ലാം ഈ സമയത്തിനുള്ളിൽ മെഡിക്കൽ മാലിന്യമായിട്ടുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇതുപോലെ തന്നെയാണ് ഡിസ്പോസിബിൾ മെഡിക്കൽ മാസ്ക്കുകളുടെ കാര്യവും. സാധാരണക്കാരും വ്യാപകമായി ഉപയോഗിക്കുന്നതാണിത്.
140 മില്യണിലധികം ടെസ്റ്റ് കിറ്റുകൾ ഉത്പാദിപ്പിക്കുന്നത് 2600 ടണ്ണിലധികം നോൺ ഇൻഫെക്ഷ്യസ് വേസ്റ്റ് വിഭാഗത്തിൽപ്പെടുന്ന മെഡിക്കൽ മാലിന്യമാണ്. ഇവയിൽ പ്രധാനമായിട്ടുള്ളത് പ്ലാസ്റ്റിക്കാണ്. 731,000 ലിറ്റർ രാസമാലിന്യങ്ങളും ഇതിലൂടെ ഉത്പാദിപ്പിച്ചിട്ടുണ്ട്. ഇതുതന്നെ ഏതാണ്ട് ഒരു ഒളിമ്പിക് സ്വിമ്മിങ് പൂളിന്റെ മൂന്നിലൊന്ന് വലുപ്പം വരും. ലോകത്താകമാനം നൽകിയ എട്ട് ബില്യൺ ഡോസ് വാക്സിനുകളുടെ കണക്കെടുത്താൽ അതിനായി ഉപയോഗിച്ച സിറിഞ്ചുകൾ, സൂചികൾ, സുരക്ഷാ പെട്ടികൾ എന്നിവയുൾപ്പടെ ഏകദേശം 144,000 ടൺ അധിക മാലിന്യങ്ങളും ഉണ്ടാകുമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
60 ശതമാനം അവികസിത രാജ്യങ്ങളിലെയും വികസ്വര രാജ്യങ്ങളിലെയും 30 ശതമാനം ആരോഗ്യപ്രവർത്തകർക്ക് ഇത്തരം മെഡിക്കൽ മാലിന്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളില്ലെന്നും അതിന്റെ ഒപ്പമാണ് കോവിഡ് 19 മഹാമാരിയുടെ മാലിന്യങ്ങൾ കൂടി വന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ സാഹചര്യത്തിൽ, ഭാവിയിലെ മഹാമാരി സാധ്യതകൾ കണക്കിലെടുത്തുകൊണ്ട് മെഡിക്കൽ മാലിന്യങ്ങൾ ശാസ്ത്രീയമായ രീതിയിൽ സംസ്ക്കരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു.
No comments