Breaking News

ദിലീപിന്റെ ഐടി സഹായിയുടെ അപകടമരണം ക്രെെം ബ്രാഞ്ച് അന്വേഷിക്കും

 ദിലീപിന്റെ ഐടി സഹായിയുടെ അപകടമരണം ക്രെെം ബ്രാഞ്ച് അന്വേഷിക്കും

സലീഷിന്റെ അപകടമരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു


നടന്‍ ദിലീപിന്റെ സുഹൃത്തും ഐടി സഹായിയുമായ സലീഷിന്റെ അപകടമരണം ക്രെെം ബ്രാഞ്ച് അന്വേഷിക്കും. സലീഷിന്റെ സഹോദരന്റേയും കുടുംബാംഗങ്ങളുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. സലീഷ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിന്‍റെ അണിയറപ്രവര്‍ത്തകരേയും അന്വേഷണം കാണും.

സലീഷിന്റെ അപകടമരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. അങ്കമാലി പൊലീസിലാണ് പരാതി നല്‍കിയത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആയിരുന്നു യുവാവിന്റെ മരണത്തെ കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ചത്.

കാര്‍ റോഡരികിലെ തൂണില്‍ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തിരുന്നു. ദിലീപിന്റെ വിശ്വസ്ഥനായിരുന്ന സലീഷിന് പല നിര്‍ണായക വിവരങ്ങളും അറിയാമായിരുന്നു എന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഫോണുകളുമായി ബന്ധപ്പെട്ട് പല സുപ്രധാന വിവരങ്ങള്‍ ശേഖരിക്കാനും ദീലീപ് സനീഷിനെ ഉപയോഗിച്ചിരുന്നു എന്നും ആരോപണങ്ങളുണ്ട്. ദിലീപിനെ കാണാന്‍ പോവുന്നു എന്ന് പ്രതികരിച്ചതിന്റെ മൂന്നാം ദിവസം ആയിരുന്നു സലീഷിന്റെ മരണം എന്നും ഇതില്‍ ദൂരൂഹതയുണ്ടെന്നും ബാലചന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ: ദിലീപ് ജയിലില്‍ കിടന്ന സമയത്ത് സംവിധായകന്‍ അരുണ്‍ ഗോപിക്ക് രാഷ്ട്രീയത്തിലെ ഒരു പ്രമുഖ നേതാവിന്റെ മകന്റെ ഫോണ്‍ വന്നിരുന്നു. ഈ ഫോണ്‍ കോള്‍ അരുണ്‍ ഗോപി റെക്കോര്‍ഡ് ചെയ്തു. ജയിലില്‍ നിന്നും ഇറങ്ങിയപ്പോള്‍ സംവിധായകന്‍ ഈ കോളിന്റെ കാര്യം ദിലീപിനെ അറിയിച്ചു. പിന്നാലെ ഈ ഫോണ്‍ പെന്റാ മേനകയിലെ മൊബൈല്‍ സര്‍വീസ് സ്ഥാപനത്തിന്റെ ഉടമ സനീഷ് എന്ന ആളുടെ പക്കല്‍ റിട്രീവ് ചെയ്യാന്‍ ഏല്‍പ്പിച്ചു. ഇയാളെ ദിലീപിന് പരിചയപ്പെടുത്തിയത് താനാണ് എന്നുമായിരുന്നു ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍.

അരുണ്‍ ഗോപിയുടെ ഈ ഐ ഫോണില്‍ നിന്നും ഫോണ്‍ കോള്‍ റിട്രീവ് ചെയ്യാന്‍ ശ്രമിച്ചു. തുടര്‍ന്ന് അയാള്‍ ഡോക്ടര്‍ ഫോണ്‍ എന്ന സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് റിട്രീവ് ചെയ്യാന്‍ ശ്രമിച്ചു. ഇതിനുള്ള പണം നല്‍കിയത് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നാണ്. എന്നിട്ടും ഫോണ്‍കോള്‍ തിരിച്ചെടുത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ദിലീപിന്റെ ഒരു സുഹൃത്ത് മുഖാന്തരം ഫോണ്‍ അമേരിക്കയില്‍ കൊടുത്തയച്ചു. അത്തരത്തില്‍ റിട്രീവ് ചെയ്‌തെടുത്ത നിരവധി വിവരങ്ങള്‍ ദിലീപിന്റെ പക്കലുണ്ട്.

ഈ സംഭവത്തിന് പിന്നാലെ സനീഷ് ദിലീപിന്റെ അടുത്ത സഹായിയായി. പിന്നീട് ഒരിക്കല്‍ തന്നോട് സംസാരിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം സനീഷ് റോഡപകടത്തില്‍ മരിച്ചെന്നാണ് അറിഞ്ഞത്. ദിലീപിനെ കാണാന്‍ പോവുന്നു എന്ന തന്നോട് വെളിപ്പെടുത്തിയതിന് മൂന്നാം ദിവസം ആയിരുന്നു മരണം. ദിലീപ് ഐ ഫോണ്‍ കമ്പനിയില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ അറിഞ്ഞിരുന്ന വ്യക്തിയാണ് സനീഷ്. ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് ദിലീപ് ശേഖരിച്ചത് എന്ന് സനീഷ് ഒരിക്കല്‍ പറഞ്ഞിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ തനിക്കും ജീവഭയമുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

No comments