സിപിഎം ബ്രാഞ്ച് സെക്രട്ടറി അപരിചിതയായ യുവതിയ്ക്ക് വൃക്ക ദാനം ചെയ്തു 34കാരനായ മണികണ്ഠന്റെ മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃക
സിപിഎം ബ്രാഞ്ച് സെക്രട്ടറി അപരിചിതയായ യുവതിയ്ക്ക് വൃക്ക ദാനം ചെയ്തു
34കാരനായ മണികണ്ഠന്റെ മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃക
കൽപറ്റ: വയനാട് ചീയമ്പം പള്ളിപ്പടിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി മണികണ്ഠൻ മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃക തീർത്തിരിക്കുകയാണ്. കോഴിക്കോട് പയ്യോളി സ്വദേശിനിയായ 37കാരിക്ക്, അതും തീർത്തും അപരിചിതയായ ഒരാൾക്ക് സ്വന്തം വൃക്ക ഈ 34 കാരൻ ദാനം ചെയ്തു. ”ഒരാളുടെ ജീവൻ രക്ഷിക്കാൻ നമുക്ക് അവരുമായി ആത്മബന്ധം വേണമെന്നില്ലല്ലോ… മനസ്സുണ്ടെങ്കിൽ എന്തും ചെയ്യാനാകും”- ഇതേക്കുറിച്ച് മണികണ്ഠന് പറയാനുള്ളത് ഇത്രമാത്രം. ഫെബ്രുവരി നാലിനാണ് യുവതിക്ക് വൃക്കനൽകിയത്.
റെഡിമെയ്‌ഡ് വസ്‌ത്രങ്ങൾ കടകളിൽ വിൽക്കുന്ന തൊഴിലാളിയാണ് മണികണ്‌ഠൻ. പുൽപ്പള്ളി ചീയമ്പം മാധവമംഗലത്ത് രാജേന്ദ്രൻ- മഹേശ്വരി ദമ്പതികളുടെ മകൻ. ഡിവൈഎഫ്‌ഐ ഇരുളം മേഖലാ സെക്രട്ടറിയുമാണ്. ശസ്‌ത്രക്രിയക്കുശേഷം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. ഇരു വൃക്കകളും തകരാറിലായതോടെ ഭർത്താവ് ഉപേക്ഷിച്ചുപോയ രണ്ടുമക്കളുടെ ഉമ്മകൂടിയായ യുവതിയാണ് മണികണ്‌ഠന്റെ മഹാമനസ്‌കതയിൽ ജീവിതസ്വപ്‌നം കാണുന്നത്. ശസ്‌ത്രക്രിയ കഴിഞ്ഞ് ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
2014ൽ ഡിവൈഎഫ്‌ഐ നടത്തിയ മെഡിക്കൽ ക്യാംപിൽ മണികണ്ഠൻ നൽകിയ അവയവദാന സമ്മതപത്രമാണ് ഇവർക്ക് വൃക്ക ലഭിക്കാൻ ഇടയാക്കിയത്. സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ എട്ട് മാസം മുമ്പാണ് വൃക്ക ദാനംചെയ്യാൻ സമ്മതമാണോയെന്ന അന്വേഷണമെത്തിയത്. യുവതിയുടെ അവസ്ഥ മനസ്സിലാക്കിയ മണികണ്‌ഠൻ സമ്മതം അറിയിച്ചു. പരിശോധനയിൽ വൃക്ക യോജിച്ചതാണെന്ന് സ്ഥിരീകരിച്ചു. പിന്നീട് അച്ഛനും അമ്മയുമായും സംസാരിച്ചു. ആദ്യം എതിർത്തെങ്കിലും വൃക്ക ദാനംചെയ്‌തവരുടെ വീഡിയോ ഉൾപ്പെടെ കാണിച്ച് കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്തി. ഇരുവരും മനസ്സുമാറ്റിയതോടെ വൃക്കനൽകാനുള്ള നിയമനടപടികളായി.
ആശുപത്രി അധികൃതരുടെ നിർദേശം അനുസരിച്ച് മൂന്ന് മാസമായി ശസ്‌ത്രക്രിയക്കുള്ള തയ്യാറെടുപ്പിലായിരുന്നു. രോഗങ്ങൾ വരാതെ ശ്രദ്ധിച്ചു. ശീലങ്ങളും ഭക്ഷണവും ക്രമീകരിച്ചു. മാർച്ച് 30നായിരുന്നു ശസ്‌ത്രക്രിയ തീരുമാനിച്ചത്. യുവതിയുടെ ആരോഗ്യനില മോശമായതോടെ നേരത്തെയാക്കി.

No comments