Breaking News

മലപ്പുറത്ത് നാല് പേർ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ ഡിഎംഡി എന്ന അസുഖത്തെക്കുറിച്ചുള്ള ആശങ്കയാണെന്ന് സംശയം

 മലപ്പുറത്ത് നാല് പേർ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ ഡിഎംഡി എന്ന അസുഖത്തെക്കുറിച്ചുള്ള ആശങ്കയാണെന്ന് സംശയം


മലപ്പുറം. ഒരു കുടുംബത്തിലെ നാല് പേര്‍ മുണ്ടുപറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ മാരക രോഗമായ ഡുഷേന്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫിയെക്കുറിച്ചുള്ള പേടിയാണെന്ന് സംശയം. ഇവരുടെ മൂത്ത മകന് ഈ രോഗം ഉണ്ടെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇളയകുട്ടിക്കും മാതാപിതാക്കള്‍ക്കും വിവിധ പരിശോധനകള്‍ നടത്തിയിരുന്നുവെന്ന് ഇവരുടെ ബന്ധുക്കള്‍ പറയുന്നു.

ഈ രോഗം പേശികളെ ഗുരുതരമായി ബാധിക്കുന്നതാണ്. അതുവഴി കുട്ടികള്‍ക്ക് വൈകല്യവും അകാലമരണവും സംഭവിക്കും. അതുകൊണ്ട് ഇക്കാര്യത്തില്‍ ഇവര്‍ക്കുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും ധനകാര്യ സ്ഥാപനങ്ങളില്‍ മാനേജര്‍മാരായിരുന്നതിനാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലെന്നും ബന്ധുക്കള്‍ പറയുന്നു.

കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശികളായ സബീഷ് (37), ഭാര്യ ഷീന (38 ) , മക്കളായ ഹരിഗോവിന്ദ് (6 ) ശ്രീവർദ്ധൻ (രണ്ടര ) എന്നിവരെയാണ് മരിച്ചത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നിരവധി തവണ ഫോണിൽ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് ഷീനയുടെ ബന്ധുക്കൾ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. അയൽവാസികൾ വീട്ടിലെത്തി വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വാതിൽ ചവിട്ടിത്തുറന്നാണ് അകത്ത് കയറിയത്. രണ്ടു കുട്ടികളെ തറയിലും ഭാര്യയും ഭർത്താവിനെയും രണ്ടുമുറികളിലും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

No comments