പിഎഫ്ഐ എന്ന് ചാപ്പ കുത്തിയെന്ന വ്യാജ പരാതിയുമായി സൈനികൻ; പൊളിച്ചടുക്കി പൊലീസ്
പിഎഫ്ഐ എന്ന് ചാപ്പ കുത്തിയെന്ന വ്യാജ പരാതിയുമായി സൈനികൻ; പൊളിച്ചടുക്കി പൊലീസ്
കൊല്ലം: കടയ്ക്കലിൽ സൈനികന്റെ വ്യാജ പരാതി പൊളിച്ചടുക്കി പൊലീസ്. കടയ്ക്കൽ തുടയന്നൂർ ചാണപ്പാറ ബി എസ് ഭവനിൽ ഷൈൻ (35) ആണ് പരാതിയുമായി സ്റ്റേഷനിൽ എത്തിയത്. ഒരു സംഘം ആളുകൾ മർദിച്ചതായും പിഎഫ്ഐ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) എന്ന് എഴുതിയെന്നുമാണ് ഇയാൾ പരാതി നൽകിയത്. പിന്നാലെ ഈ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
കടം വാങ്ങിയ പണം സുഹൃത്തിനു നൽകാനായി രാത്രി ബൈക്കിൽ പോകുമ്പോൾ റോഡിൽ വിജനമായ സ്ഥലത്ത് വെച്ച് ചിലർ തന്നെ മർദിക്കുകയും ബ്ലേഡ് കൊണ്ടു ഷർട്ട് കീറി പുറത്ത് പിഎഫ്ഐ എന്ന് എഴുതിയെന്നുമാണ് ഇയാൾ പരാതി നൽകിയത്. എന്നാൽ സൈനികനായ ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിൽ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന സുഹൃത്ത് ജോഷിയുടെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. ഇവരെ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഷൈൻ തന്നെ തന്നെക്കൊണ്ട് ടീഷർട്ട് ബ്ലെയ്ഡ് ഉപയോഗിച്ച് കീറിക്കുകയും പിഎഫ്ഐ എന്ന് എഴുതിക്കുകയുമായിരുന്നു എന്ന് ജോഷി മൊഴി നൽകി. ഇതിനായി ചിറയിൻകീഴിൽ നിന്ന് പെയിന്റും ബ്രഷും വാങ്ങുകയായിരുന്നു. പെയിന്റും ബ്രഷും ജോഷിയുടെ വീട്ടിൽ നിന്ന് പൊലീസിന് ലഭിച്ചു. മന്ത്രിമാരുടെ പി എ ആയി ജോലി കിട്ടുമോയെന്നും ഇയാൾ ചോദിച്ചിരുന്നതായും ജോഷി പൊലീസിന് മൊഴി നൽകി.
നേരത്തെ ഷൈനിനെ മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി കടയ്ക്കൽ പൊലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തിയിരുന്നു. പരാതിയിൽ ഊർജ്ജിതമായ അന്വേഷണം വേണമെന്ന് സിപിഐ മണ്ഡലം സെക്രട്ടറി ജെ സി അനിൽ ആവശ്യമുന്നയിച്ചിരുന്നു.
No comments