Breaking News

ഏകദിന ലോകകപ്പ്: രോഹിത് പാഡഴിക്കുന്നു, അതിനിർണായക അപ്ഡേറ്റ് നൽകി ഇന്ത്യൻ നായകൻ; പറയുന്നത് ഇങ്ങനെ

 ഏകദിന ലോകകപ്പ്: രോഹിത് പാഡഴിക്കുന്നു, അതിനിർണായക അപ്ഡേറ്റ് നൽകി ഇന്ത്യൻ നായകൻ; പറയുന്നത് ഇങ്ങനെ




ഏകദിന ലോകകപ്പിന്റെ ഒന്നാം സെമി ഫൈനൽ ഇന്ന് നടക്കും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ലോകകപ്പിൽ ഇന്ന് ന്യൂസിലാൻഡിനെതിരേ നടക്കാനിരിക്കുന്ന സെമി ഫൈനൽ മത്സരത്തിന് മുന്നോടിയായി തന്റെ ഭാവി പദ്ധതിയെക്കുറിച്ചും വിരമിക്കലിനെക്കുറിച്ചും രോഹിത് തുറന്ന് പറഞ്ഞു. ഇത് ആദ്യമായിട്ടാണ് രോഹിത് വിരമിക്കലിനെക്കുറിച്ച് സംസാരിക്കുന്നത്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

തന്റെ യാത്രയെക്കുറിച്ച് ആലോചിക്കാൻ സമയം ആയിട്ടില്ലെന്നും ലോകകപ്പ് ഫൈനലിന് ശേഷം അതിനെക്കുറിച്ചുള്ള ചിന്തകൾ പങ്കുവെക്കാമെന്നും രോഹിത് പറഞ്ഞു. ഫൈനലിന് ശേഷം ഇതേക്കുറിച്ചുള്ള മറുപടി കൃത്യമായിട്ട് പറയാമെന്ന് രോഹിത് പറയുമ്പോൾ അതിൽ വിരമിക്കലിന്റെ സൂചന ഉണ്ടെന്നും ആരാധകർ പറഞ്ഞു.

രോഹിത്തിന്റെ വാക്കുകൾ ഇങ്ങനെ:

“ഇപ്പോൾ ലോകകപ്പിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. നല്ല ക്രിക്കറ്റ് കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ആഴ്ച വലിയ പ്രാധാന്യമുള്ള സമയമാണ്. 19ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ലോകകപ്പിന്റെ കലാശപ്പോരാട്ടം. ഫൈനൽ കഴിഞ്ഞ ശേഷം ഞാൻ എന്റെ നിലപാട് വ്യക്തമാക്കും.” രോഹിത് പറഞ്ഞു

രോഹിത് മാത്രമല്ല ഒരുപാട് സൂപ്പർ താരങ്ങൾക്ക് ഇത് അവസാന ലോകകപ്പാണ്. ഇനി ഒരു ഏകദിന ലോകകപ്പിനുള്ള ബാല്യം രോഹിത്തിന് ഉണ്ടാകാൻ സാധ്യത ഇല്ല. അതിനാൽ തന്നെ ഈ ലോകകപ്പ് ജയിക്കേണ്ടതിന്റെ പ്രാധാന്യം രോഹിത്തിന് നന്നായി അറിയാം. ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് ഫൈനലിൽ ഇടം നേടാൻ ആയിരിക്കും ഇന്ന് ഇന്ത്യ ശ്രമിക്കുന്നത്.


അതേസമയം ടോസ് കിട്ടിയാൽ ഇന്ത്യ എന്താവും തിരഞ്ഞെടുക്കുകയെന്ന ചോദ്യം ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. വാങ്കഡെയിൽ ടോസ് വിധിയെഴുതില്ലെന്നാണ് രോഹിത് പറയുന്നത്. ഞാൻ ഇവിടെ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഈ ലോകകപ്പിൽ നടന്ന നാലോ അഞ്ചോ മത്സരങ്ങൾ കണ്ട് വാങ്കഡെ പിച്ച് എന്താണെന്ന് നിങ്ങൾക്ക് തീരുമാനിക്കാൻ ആകില്ല. അതുകൊണ്ട് തന്നെ ടോസ് ഇവിടെ ഒരു ഘടകമല്ല- മത്സരത്തിന് മുന്നോടിയായുള്ള പ്രസ്മീറ്റിൽ രോഹിത് ശർമ്മ പറഞ്ഞു.

ലീഗ് ഘട്ടത്തിൽ ഒമ്പത് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമിയിലേക്കെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ ആത്മവിശ്വാസം രോഹിത്തിനും സംഘത്തിനുമുണ്ടാവും. നെറ്റ് റൺറേറ്റിൽ പാകിസ്ഥാനെ മറികടന്ന് നാലാം സ്ഥാനക്കാരായാണ് കിവീസ് സെമിയിൽ കടന്നിരിക്കുന്നത്. എന്നാൽ ഇന്ത്യക്കെതിരായ നേർക്കുനേർ കണക്കിന്റെ ആത്മവിശ്വാസം ന്യൂസിലൻഡിനുണ്ട്.

No comments