Breaking News

ഐപിഎല്‍ താരലേലം: 15 വര്‍ഷമായി തുടരുന്ന രീതി മാറ്റാനൊരുങ്ങി ബിസിസിഐ, ചരിത്ര നീക്കം...

 ഐപിഎല്‍ താരലേലം: 15 വര്‍ഷമായി തുടരുന്ന രീതി മാറ്റാനൊരുങ്ങി ബിസിസിഐ, ചരിത്ര നീക്കം...




ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍ 2024) പതിനേഴാം സീസണിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. മിനി ലേലത്തിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ, പുതിയ താരങ്ങളെ വാങ്ങാനുള്ള വമ്പന്‍ അഭ്യാസത്തിലാണ് എല്ലാ ഫ്രാഞ്ചൈസികളും. ഐപിഎല്‍ ഗവേണിംഗ് ബോഡിയും ബിസിസിഐയും നടപടിക്കുള്ള എല്ലാ ക്രമീകരണങ്ങളും നടത്തുന്നുണ്ട്. എങ്കിലും 15 വര്‍ഷമായി തുടരുന്ന പാരമ്പര്യം വിട്ടുപിടിക്കാനൊരുങ്ങുകയാണ് ബിസിസിഐ അധികൃതര്‍.

മുന്‍ സീസണുകളിലേതുപോലെ ലേല നടപടികള്‍ നിയന്ത്രിക്കുക പതിവ് ലേലംവിളിക്കാരന്‍ ഹ്യൂ എഡ്മിഡ്സ് ആവില്ല എന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്‍ 2024 സീസണിന് മുന്നോടിയായുള്ള മിനി താരലേലം നിയന്ത്രിക്കാന്‍ എത്തുക പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ താരലേലം നിയന്ത്രിച്ച മല്ലിക സാഗറാവും എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഐപിഎല്‍ താരലേല നിയന്ത്രിക്കുന്ന ആദ്യ വനിതയാകും മല്ലിഗ. പ്രോ കബഡി ലീഗ് ലേലം നിയന്ത്രിച്ചുള്ള പരിചയവും മല്ലിക സാഗറിനുണ്ട്.

2018 മുതല്‍ ഐപിഎല്‍ താരലേലം നിയന്ത്രിച്ചിരുന്നത് ഹ്യൂ എഡ്മിഡ്സായിരുന്നു. റിച്ചാർഡ് മെഡെലിയിൽ നിന്നായിരുന്നു അദ്ദേഹം ഈ ഉത്തരവാദിത്വം ഏറ്റെടുത്തത്. 2022 ഫെബ്രുവരിയില്‍ ബെംഗളൂരുവില്‍ നടന്ന താരലേലത്തിന്റെ ആദ്യ ദിനം അദേഹം ബോധരഹിതനായി വീണത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. പിന്നീട് ലേലം പുനരാരംഭിച്ചപ്പോള്‍ ചാരു ശര്‍മ്മയായിരുന്നു ലേലം വിളിക്കാരന്‍.

ലോകമെമ്പാടുമായി കാര്‍ ലേലങ്ങളടക്കം 2500ലേറെ പരിപാടികള്‍ നിയന്ത്രിച്ച അനുഭവത്തിന്റെ കരുത്തിലാണ് ഹ്യൂ എഡ്മിഡ്സ് 2018ല്‍ ഐപിഎല്‍ താരലേലം നയിക്കാനെത്തിയത്. കഴിഞ്ഞ സീസണിന് മുന്നോടിയായി 2022 ഡിസംബറില്‍ കൊച്ചിയില്‍ നടന്ന താരലേലം നിയന്ത്രിച്ചത് ഹ്യൂ എഡ്മിഡ്സായിരുന്നു. എന്നാല്‍ ഇക്കുറി അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്ന നിലപാടിലാണ് ബിസിസിഐ.

No comments