Breaking News

മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിക്ക് നേരെ പീഡനം; 77കാരന്‍ പൊലീസ് കസ്റ്റഡിയില്‍

 മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിക്ക് നേരെ പീഡനം; 77കാരന്‍ പൊലീസ് കസ്റ്റഡിയില്‍




പാലക്കാട് നടുപ്പൂണിയില്‍ റോഡരികില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. ബുധനാഴ്ച പുലര്‍ച്ചെ 5.30ന് ആയിരുന്നു ക്രൂരകൃത്യം അരങ്ങേറിയത്. വില്ലൂന്നി സ്വദേശിയായ കന്തസ്വാമിയെന്ന 77കാരനാണ് സംഭവത്തില്‍ പിടിയിലായത്. നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം.

അതിഥി തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് അന്‍പത് മീറ്ററോളം ദൂരെ കൊണ്ടുപോയാണ് പ്രതി പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ കരച്ചില്‍ കേട്ട് ഉണര്‍ന്നതോടെയാണ് മാതാപിതാക്കള്‍ സംഭവം മനസിലാക്കിയത്. തൊഴില്‍ തേടി കഴിഞ്ഞ ദിവസമാണ് അതിഥി തൊഴിലാളിയും കുടുംബവും കേരളത്തിലെത്തിയത്.

മാതാപിതാക്കളാണ് പ്രതിയെ സംഭവ സ്ഥലത്ത് തടഞ്ഞുവച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ കൊഴിഞ്ഞാമ്പാറ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടിയെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ചികിത്സയ്‌ക്കെത്തിച്ചത്. ഇവിടെ നിന്ന് പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

No comments