Breaking News

പത്ത് വാഹനങ്ങളിലധികം കോണ്‍വോയായി സഞ്ചരിക്കാന്‍ പാടില്ല; പ്രചാരണ വാഹനങ്ങള്‍ക്ക് അനുമതി വാങ്ങണം; നിര്‍ദേശം ലംഘിച്ചാല്‍ പിടിച്ചെടുക്കുമെന്ന് സഞ്ജയ് കൗള്‍

 പത്ത് വാഹനങ്ങളിലധികം കോണ്‍വോയായി സഞ്ചരിക്കാന്‍ പാടില്ല; പ്രചാരണ വാഹനങ്ങള്‍ക്ക് അനുമതി വാങ്ങണം; നിര്‍ദേശം ലംഘിച്ചാല്‍ പിടിച്ചെടുക്കുമെന്ന് സഞ്ജയ് കൗള്‍




ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വാഹനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. അനുമതിയില്ലാതെ വാഹനം ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ അനധികൃത പ്രചാരണം നടത്തുന്നതായി കണക്കാക്കി ഇന്‍ഡ്യന്‍ പീനല്‍കോഡിലെ അധ്യായം 9(എ) പ്രകാരമുള്ള ശിക്ഷാ നടപടി സ്വീകരിക്കും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും വിശദവിവരങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിച്ച് അനുമതി വാങ്ങിയ ശേഷമേ അവ ഉപയോഗിക്കാവൂ. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍, അനുമതി ലഭിച്ച തീയതി, സ്ഥാനാര്‍ഥിയുടെ പേര്, പ്രചാരണം നടത്തുന്ന പ്രദേശം എന്നിവ അനുമതിയില്‍ രേഖപ്പെടുത്തിയിരിക്കും.

ഈ അനുമതി പത്രത്തിന്റെ അസ്സല്‍ ദൂരെനിന്ന് എളുപ്പത്തില്‍ കാണാവുന്നത്ര വലിപ്പത്തില്‍ വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ പതിച്ചിരിക്കണം. അധികവാഹനം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് സംബന്ധിച്ച വിവരവും അധികൃതരെ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം.

പ്രചാരണത്തിന് ഉപയോഗിക്കുന്ന മുഴുവന്‍ വാഹനങ്ങളുടെയും വിശദവിവരങ്ങള്‍ സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷരെയും അറിയിച്ചിരിക്കണം. ഒരു സ്ഥാനാര്‍ഥിക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയ വാഹനം മറ്റൊരു സ്ഥാനാര്‍ഥി ഉപയോഗിച്ചാല്‍ അനുമതി റദ്ദാവുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും.

അനുമതി ലഭിച്ച വാഹനം രണ്ട് ദിവസത്തിലധികം ഉപയോഗിക്കുന്നില്ലെങ്കില്‍ അത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കണം. ഇല്ലെങ്കില്‍ വാഹനം ഉപയോഗിക്കുന്നതായി കണക്കാക്കി തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനമൊട്ടാകെ സഞ്ചരിക്കുന്ന വാഹനത്തിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറില്‍ നിന്നാണ് അനുമതി വാങ്ങേണ്ടത്.

No comments