സഞ്ജു ഉള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തി, രാജസ്ഥാന് തോല്‍വി! ഐപിഎല്ലില്‍ ഹൈദരാബാദ്-കൊല്‍ക്കത്ത ഫൈനല്‍
സഞ്ജു ഉള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തി, രാജസ്ഥാന് തോല്‍വി! ഐപിഎല്ലില്‍ ഹൈദരാബാദ്-കൊല്‍ക്കത്ത ഫൈനല്‍
ചെന്നൈ: ഐപിഎല്‍ പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലില്‍. ചെന്നൈ, ചിദംബരം സ്റ്റേഡിയത്തില്‍ 36 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ ജയം. ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഹൈദരാബാദിന്റെ എതിരാളി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ഷഹ്ബാസ് അഹമ്മദ്, രണ്ട് വിക്കറ്റ് വീഴ്ത്തിയ അഭിഷേക് ശര്‍മ എന്നിവരാണ് രാജസ്ഥാനെ തകര്‍ത്തത്. രാജസ്ഥാന്‍ നിരയില്‍ ധ്രുവ് ജുറല്‍ (35 പന്തില്‍ പുറത്താവാതെ 56), യശസ്വി ജയ്‌സ്വാള്‍ (42) എന്നിവരൊഴികെ ആര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല.
മോശമായിരുന്നു രാജസ്ഥാന്റെ തുടക്കം. നാലാം ഓവറിന്റെ അവസാന പന്തില്‍ ടോം കോഹ്‌ലര്‍-കഡ്‌മോര്‍ (16 പന്തില്‍ 10) മടങ്ങി. തുടര്‍ന്നെത്തിയ സഞ്ജു സാംസണ്‍ (10) - ജയ്‌സ്വാള്‍ സഖ്യം 41 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അധികം വൈകാതെ ഇരുവരും മടങ്ങി. ജയ്‌സ്വാളിനെ ഷഹ്ബാസ് പുറത്താക്കിയപ്പോള്‍ സഞ്ജു അഭിഷേകിന് വിക്കറ്റ് നല്‍കി. റിയാന്‍ പരാഗിന് (6) തിളങ്ങാനയതുമില്ല. ആര്‍ അശ്വിന്‍ (0), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (4), റോവ്മാന്‍ പവല്‍ (6) എന്നിവര്‍ പാടേ നിരാശപ്പെടുത്തി. ജുറലിന്റെ ഇന്നിംഗ്‌സ് പരാജയഭാരം കുറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്. ട്രന്റ് ബോള്‍ട്ട് (0) ജുറലിനൊപ്പം പുറത്താവാതെ നിന്നു.

No comments