മുംബൈ മലയാളികള്‍ക്ക് ആശ്വാസം; പന്‍വേല്‍-കൊച്ചുവേളി റൂട്ടില്‍ പുതിയ ട്രെയിന്‍ അനുവദിച്ച് റെയിവേ; ട്രാക്കില്‍ ഹെവി ട്രാഫിക്ക്; ഉടക്കിട്ട് കൊങ്കണ്‍ റെയില്‍വേ
മുംബൈ മലയാളികള്‍ക്ക് ആശ്വാസം; പന്‍വേല്‍-കൊച്ചുവേളി റൂട്ടില്‍ പുതിയ ട്രെയിന്‍ അനുവദിച്ച് റെയിവേ; ട്രാക്കില്‍ ഹെവി ട്രാഫിക്ക്; ഉടക്കിട്ട് കൊങ്കണ്‍ റെയില്‍വേ
മുംബൈയില്‍നിന്ന് കേരളത്തിലേക്ക് പുതിയ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. പന്‍വേല്‍-കൊച്ചുവേളി റൂട്ടില്‍ പ്രതിവാര ട്രെയിനായി ഓടും. ടൈംടേബിള്‍ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനമെടുത്തിരിക്കുന്നത്.
ജൂലായില്‍വരുന്ന പുതിയ റെയില്‍വേ ടൈംടേബിളിലെ പുതിയ ട്രെയിന്‍ ഉള്‍പ്പെടുത്തൂ. നിലവില്‍ നേത്രാവതി എക്‌സ്പ്രസ് മാത്രമാണ് എല്ലാദിവസവും മുംബൈയില്‍നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്.
കൊങ്കണ്‍പാത തുറന്നശേഷം പുതുതായി മൂന്നു ട്രെയിനുകള്‍ പ്രഖ്യാപിച്ചെങ്കിലും എല്ലാം ആഴ്ചയില്‍ രണ്ട് സര്‍വീസ്വീതം ഉള്ളവയായിരുന്നു. മുംബൈ-കന്യാകുമാരി പ്രതിദിനവണ്ടിയായ ജയന്തി ജനതയെ പുണെ-കന്യാകുമാരി ആക്കിയതോടെ ആ വണ്ടിയും മുംബൈക്കാര്‍ക്ക് നഷ്ടമായി. ഈ സാഹചര്യത്തിലാണ് മുംബൈ-കേരള പ്രതിദിന ട്രെയിന്‍ എന്ന ആവശ്യം മധ്യറെയില്‍വേയും ദക്ഷിണറെയില്‍വേയും കഴിഞ്ഞ ടൈംടേബിള്‍ കമ്മിറ്റി യോഗത്തില്‍ ഉന്നയിച്ചത്.
പാളത്തിലെ ട്രാഫിക്ക് മൂലം പ്രതിദിനവണ്ടിയ്ക്ക് സമയക്രമം ഒരുക്കാന്‍ ബുദ്ധിമുട്ടാണെന്നും പ്രതിവാരവണ്ടിയാണെങ്കില്‍ പരിഗണിക്കാമെന്നുമായിരുന്നു കൊങ്കണ്‍ റെയില്‍വേയുടെ മറുപടി. അങ്ങനെയാണ് ആഴ്ചയില്‍ ഒരുദിവസംമാത്രം ട്രെയിന്‍ ഓടിക്കാന്‍ ധാരണയായത്.

No comments