Breaking News

അറിവില്ലായ്മയെന്ന് സഞ്ജു ടെക്കി; ഒരു ഇളവും നൽകാതെ ആർടിഒ; ലൈസൻസ് ആജീവനാന്തം റദ്ദാക്കി

 അറിവില്ലായ്മയെന്ന് സഞ്ജു ടെക്കി; ഒരു ഇളവും നൽകാതെ ആർടിഒ; ലൈസൻസ് ആജീവനാന്തം റദ്ദാക്കി




ആലപ്പുഴ: കാറിൽ സിനിമാസ്റ്റൈലിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി പൊതുനിരത്തിലൂടെ ഓടിച്ച കേസിൽ സഞ്ജു ടെക്കി എന്ന യൂട്യൂബർക്ക് ഒരു ഇളവും നൽകാതെ ആർടിഒ. സഞ്ജു ടെക്കിയുടെ ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ് ഉത്തരവിറക്കി. ആജീവനാന്ത വിലക്കാണ് ലൈസൻസിന് ഏർപ്പെടുത്തിയിരിക്കുന്നത്.

ഹൈക്കോടതിയുടെ നിർദേശമുള്ളതിനാൽ ആലപ്പുഴ എൻഫോഴ്മെന്റ് ആർടിഒയാണ് കടുത്ത നടപടി തന്നെ സ്വീകരിച്ചിരിക്കുന്നത്. നേരത്തെ തന്നെ ഇയാൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതിയും ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറും ഉൾപ്പെടെ നിർദേശിച്ചിരുന്നു.

കഴിഞ്ഞദിവസം സഞ്ജു ടെക്കി നൽകിയ വിശദീകരണത്തിൽ അറിവിലായ്മ കൊണ്ട് സംഭവിച്ചതാണെന്നും ഇനി ഇത്തരത്തിലുള്ള തെറ്റുകൾ ആവർത്തിക്കില്ലെന്നും പരാമർശിച്ചിരുന്നു. എന്നാൽ ഇളവ് വേണ്ടെന്ന നിലപാടാണ് മോട്ടോർവാഹനവകുപ്പ് കൈക്കൊണ്ടത്.

സഞ്ജുവിന് കോടതിയിൽ അപ്പീൽ നൽകാനുള്ള അവസരമുണ്ട്. ഇത്തരത്തിൽ കോടതിയിൽ പോയി റദ്ദാക്കൽ കാലവധിയിൽ ഇളവ് തേടാവുന്നതാണ്. നിലവിലെ നടപടി അനുസരിച്ച് ലൈസൻസ് സ്ഥിരമായി റദ്ദാക്കിയിട്ടുണ്ട്. നിയമലംഘനത്തിന് ഉപയോഗിച്ച കാറിന്റെ രജിസ്ട്രേഷൻ കഴിഞ്ഞ ദിവസം ഒരുവർഷത്തേക്ക് റദ്ദാക്കിയിരുന്നു.

No comments