താത്കാലിക പാലത്തിലൂടെ കരയ്‌ക്കെത്തിച്ചത് 489 പേരെ; ദുരിത ബാധിതരെ രാത്രിയും കൈവിടില്ല; വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു
താത്കാലിക പാലത്തിലൂടെ കരയ്‌ക്കെത്തിച്ചത് 489 പേരെ; ദുരിത ബാധിതരെ രാത്രിയും കൈവിടില്ല; വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു
വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍ മലയില്‍ നിന്ന് മേപ്പാടിയിലേക്ക് സൈന്യവും ഫയര്‍ ആന്റ് റെസ്‌ക്യുവും സംയുക്തമായി നിര്‍മ്മിച്ച പാലത്തിലൂടെ 489 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിച്ചു. മന്ത്രി പിഎ മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വ്വ സന്നാഹങ്ങളോടെയും ദുരന്ത ഭൂമിയില്‍ രാത്രിയും രക്ഷാപ്രവര്‍ത്തനം തുടരുന്നതായും മന്ത്രി വ്യക്തമാക്കി.
അതേസമയം വയനാട് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനും ഉന്നതതല യോഗം ചേര്‍ന്നു. യോഗത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ ഏജന്‍സികളുമായുള്ള ഏകോപനം, ദുരന്ത മുഖത്തെ സേനാ വിഭാഗങ്ങളുടെ വിന്യാസം, ആരോഗ്യ- സുരക്ഷാ മുന്‍കരുതലുകള്‍, ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ എന്നിവ വിലയിരുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനതലത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ദുരന്തനിവാരണ അതോറിറ്റി ഓഫീസിലാണ് യോഗം ചേര്‍ന്നത്.
ജില്ലയില്‍ 45 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. പൊതുവിതരണ വകുപ്പിന്റെയും സപ്ലൈകോയുടെയും നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലും ദുരിത മേഖലകളിലും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ദുരന്ത മേഖലയിലേക്ക് 20,000 ലിറ്റര്‍ കുടി വെള്ളവുമായി ജല വിഭവ വകുപ്പിന്റെ രണ്ടു വാഹനങ്ങളും എത്തും.

No comments