Breaking News

വിതുരയിലും കോണ്‍ഗ്രസിനോട് ഇടഞ്ഞ് മുസ്ലിംലീഗ്; ഇനി കോണ്‍ഗ്രസിന് പിന്തുണയില്ല, ‘സ്വതന്ത്രര്‍ക്കൊപ്പം’


തിരുവനന്തപുരം: വിതുര ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് സ്വതന്ത്രര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. യുഡിഎഫിന്‍റെ തീരുമാനങ്ങളില്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായി പെരുമാറുന്നു എന്നു ചൂണ്ടിക്കാട്ടി ലീഗ് പഞ്ചായത്ത് കമ്മിറ്റിയാണ് സ്വതന്ത്രര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.


സീറ്റ് വിഭജന ചര്‍ച്ചകളില്‍ ഘടകകക്ഷികളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് പഞ്ചായത്തില്‍ കോണ്‍ഗ്രസിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കുന്നത്. അതേസമയം, ഓരോ വാര്‍ഡിലും മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ഥികളുടെ വിജയസാധ്യത പരിഗണിച്ചായിരിക്കും പിന്തുണ നല്‍കുന്നതെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസി‍ഡന്‍റ് ഷംനാദ്, സെക്രട്ടറി ഷിംജി എന്നിവര്‍ വ്യക്തമാക്കി.


മുന്‍പ് ജില്ലയിലെ സീറ്റ് തര്‍ക്കത്തെതുടര്‍ന്ന് ചില പഞ്ചായത്തുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന തീരുമാനം ലീഗ് പ്രഖ്യാപിച്ചിരുന്നു. വർക്കല നഗരസഭയിലും ഇടവ, നെട്ടൂർ, നാവായിക്കുളം പഞ്ചായത്തുകളിലുമാണ് കോൺഗ്രസിനെതിരെ ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌, ജില്ലാ പഞ്ചായത്ത്‌ എന്നിവിടങ്ങളിലെല്ലാം തങ്ങളെ തിരസ്‌കരിച്ചെന്ന് ആരോപിച്ചായിരുന്നു‌ ലീഗ് നീക്കം.‌ 100 വാർഡുള്ള കോർപറേഷനിൽ അഞ്ചു വാർഡുകള്‍ മാത്രവും‌ ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റ്‌ മാത്രവും ലീഗിന് നല്‍കിയതില്‍ കടുത്ത എതിര്‍പ്പാണ് മുന്നണിയില്‍ നിലനിന്നിരുന്നത്.

No comments