ഖത്തർ ചരിത്രത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പിന് തീയ്യതിയായി; സ്ഥാനാർത്ഥി രജിസ്ട്രേഷൻ ആരംഭിച്ചു
ചരിത്രത്തിലാദ്യമായി ഖത്തർ നിയമനിർമാണ സഭയായ ശൂറാ കൗൺസിലിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ തീയ്യതി പ്രഖ്യാപിച്ചു. നാല്പത്തിയഞ്ച് അംഗ ശൂറാ കൗൺസിലിലെ 30 സീറ്റുകളിലേക്ക് ഒക്ടോബർ രണ്ടിനാണ് തെരഞ്ഞെടുപ്പ് നടക്കുക. ബാക്കിയുള്ള 15 പേരെ അമീർ നിയമിക്കും. തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ഔദ്യോഗികമായി തുടക്കംകുറിച്ചുകൊണ്ട് സ്ഥാനാർത്ഥി രജിസ്‌ട്രേഷനും ഖത്തർ ആരംഭിച്ചു.
രാജ്യത്തെ 30 മേഖലകളായി തിരിച്ച് ഓരോ സ്ഥലത്തുനിന്നും നിന്നും ഓരോ പ്രതിനിധി എന്ന നിലയിലായിരിക്കും വോട്ടിങ് നടക്കുക. 1930ൽ ഖത്തരി പൗരന്മാരായിരുന്നവരുടെ പിൻതലമുറക്കാർക്കാണ് വോട്ട് ചെയ്യാനും മത്സരിക്കാനും അനുവാദമുള്ളത്. 18 വയസ്സ് കഴിഞ്ഞ പൗരന്മാർക്ക് തങ്ങളുടെ കുടുംബമോ ഗോത്രമോ സ്ഥിരതാമസമാക്കിയിട്ടുള്ള ജില്ലകളിൽ വോട്ട് രേഖപ്പെടുത്താം. ഖത്തർ വംശജരായ 30 വയസ്സ് തികഞ്ഞവർക്കായിരിക്കും സ്ഥാനാർത്ഥിയാകാൻ സാധിക്കുക. എന്നാൽ രാജ്യത്ത് രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം അനുവദനീയമല്ല.
ഖത്തർ സർവകലാശാലയിലെ രജിസ്ട്രേഷൻ കേന്ദ്രത്തിൽ ഉൾപ്പടെ ഭൂരിഭാഗം സ്ഥലത്തും പുരുഷന്മാർ മാത്രമാണ് നിലവിൽ സ്ഥാനാർത്ഥികളായി രജിസ്റ്റർ ചെയ്യാൻ എത്തിയിട്ടുള്ളതെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. ക്രിമിനൽ കേസുകളെക്കുറിച്ചും പൗരത്വത്തെക്കുറിച്ചുമുള്ള വിശദമായ പരിശോധനകൾക്ക് ശേഷമായിരിക്കും സ്ഥാനാർത്ഥിത്വം അംഗീകരിക്കുക.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന തീയതി അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ജനാധിപത്യ സ്വഭാവമുള്ള പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള നിയമത്തിന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി കഴിഞ്ഞ മാസമാണ് അംഗീകാരം നൽകിയത്. പൊതുഭരണത്തിൽ വ്യാപകമായ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായുള്ള സുപ്രധാന ചുവടുവെപ്പാണ് തെരഞ്ഞെടുപ്പെന്ന് ഖത്തർ ഗവണ്മെന്റ് നേരത്തെ പുറത്തിറക്കിയ പ്രസ്‌താവനയിൽ അവകാശപ്പെട്ടിരുന്നു.
അമീർ നിയമിക്കുന്ന സഭാ അംഗങ്ങൾക്കുള്ള അതേ അവകാശങ്ങൾ തന്നെയായിരിക്കും തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾക്കും ഉണ്ടാകുക. ഗവണ്മെന്റിന്റെ പൊതുനയത്തിനും ബജറ്റിനും അനുമതി നൽകുക, ഭരണ നിർവഹണ വിഭാഗത്തിന് മുകളിൽ അധികാരമുണ്ടാകുക, പൊതുവിഷയങ്ങളുമായി ബന്ധപ്പെട്ട് ഗവൺമെന്റിന് മുന്നിൽ നിർദേശങ്ങൾ നൽകുക തുടങ്ങിയവ അംഗങ്ങളുടെ അവകാശങ്ങളിൽ ചിലതാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സമിതിയുടെ രൂപീകരണത്തിന് ശേഷം ഭരണഘടനാനുസൃതമായി സമിതിയുടെ അധികാരങ്ങൾ വർധിപ്പിക്കുമെന്നും ആലോചനകളുണ്ട്.
ഖത്തറിന്റെ ജനാധിപത്യത്തിലേക്കുള്ള പലായനം രാജ്യത്തെ മാത്രമല്ല, അറബ് മേഖലയെ മുഴുവൻ പുരോഗമനപരമായി മാറുമെന്നാണ് ജോർജ് ടൗൺ സർവകലാശാലയിലെ പ്രൊഫസർ റാൽഫ് നേൺബർഗർ അഭിപ്രായപ്പെടുന്നത്. ഖത്തറിലെ രാഷ്ട്രീയ ജീവിതത്തെ തന്നെ ഈ തെരഞ്ഞെടുപ്പ് മാറ്റി മറിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നു.
ഖത്തർ 2003ൽ അംഗീകരിച്ച ജനകീയ ഭരണഘടന പ്രകാരമാണ് മുന്നിൽ രണ്ട് അംഗങ്ങൾ തെരഞ്ഞെടുക്കപ്പെടുന്നവരായി ശൂറാ കൗൺസിലിനെ പുനഃക്രമീകരിച്ചത്. എന്നാൽ കൗണ്സിലിലേക്കുള്ള തെരഞ്ഞെടുപ്പുകൾ വർഷങ്ങളോളം വൈകുകയായിരുന്നു. ഇസ്‌ലാമിക നിയമങ്ങൾ (ശരീഅത്ത്) അധിഷ്ഠിതമാക്കിയാണ് ഖത്തറിൽ നിയമനിർമ്മാണം.

No comments