ദക്ഷിണാഫ്രിക്കൻ ഇതിഹാസ പേസർ ഡെയിൽ സ്റ്റെയിൻ വിരമിച്ചു
ദക്ഷിണാഫ്രിക്കൻ ഇതിഹാസ പേസർ ഡെയിൽ സ്റ്റെയിൻ ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ സ്റ്റെയിൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2019 ഓഗസ്റ്റ് 5ന് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. എന്നാൽ ഇപ്പോൾ താരം ഏകദിന, ടി-20 ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
’20 വർഷമായി മത്സരങ്ങളും പരിശീലനവും യാത്രകളും ജയാപജയങ്ങളും പരുക്ക് പറ്റിയ കാലുകളും സന്തോഷവുമൊക്കെയാണ്. ഒരുപാട് ഓർമ്മകളുണ്ട് പറയാൻ. ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. ഞാൻ ഏറ്റവുമധികം സ്നേഹിക്കുന്ന ഗെയിമിൽ നിന്ന് ഞാൻ ഇന്ന് ഔദ്യോഗികമായി വിരമിക്കുകയാണ്. എല്ലാവർക്കും നന്ദി’- സ്റ്റെയിൻ ട്വീറ്റ് ചെയ്തു.
ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പേസ് ബൗളർമാരിൽ ഒരാളാണ് സ്റ്റെയിൻ. 2008 മുതൽ 2014 വരെയുള്ള 263 ആഴ്ചക്കാലം അദ്ദേഹം ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാമതായിരുന്നു. ഐപിഎലിലും താരം കളിച്ചിട്ടുണ്ട്.

No comments