ഇനിയൊരു സമവായത്തിനില്ലെന്ന് കാന്തപുരം, മധ്യസ്ഥതയൊഴിഞ്ഞു; ഐഎന്‍എല്‍ പിളര്‍പ്പില്‍ സിപിഐഎം തീരുമാനിക്കും
തിരുവനന്തപുരം: ഐഎന്‍എല്‍ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇനി ഇടപെടാനില്ലെന്ന് വ്യക്തമാക്കി കാന്തപുരം എപി വിഭാഗം. കാസിം ഇരിക്കൂര്‍ അടക്കമുള്ള നേതാക്കള്‍ പ്രശ്‌ന പരിഹാരത്തിലേക്ക് കടക്കാത്ത പശ്ചാത്തലത്തിലാണ് മധ്യസ്ഥ ശ്രമങ്ങളില്‍നിന്നും കാന്തപുരം പിന്മാറുന്നത്. കാന്തപുരം മധ്യസ്ഥത അവസാനിപ്പിക്കുന്നതോടെ എല്‍ഡിഎഫിലെ ഐഎന്‍എല്ലിന്റെ ഭാവി തീരുമാനിക്കുക ഇനി സിപിഐഎമ്മായിരിക്കും. ഭിന്നിപ്പില്‍ കടുത്ത അതൃപ്തിയിലാണ് സിപിഐഎം നേതൃത്വം.
ഇരു വിഭാഗങ്ങളും പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒന്നിച്ച് നില്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ മുന്നണിയില്‍നിന്നും പുറത്തായേക്കുമെന്ന സൂചന സിപിഐഎം നല്‍കിയതിന് പിന്നാലെയായിരുന്നു കാന്തപുരം എപി വിഭാഗത്തിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തുടക്കമായക്. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ മകന്‍ ഡോ അബ്ദുള്‍ ഹഖീം അസ്ഹരിയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍. ഇരു വിഭാഗത്തെയും നേതാക്കളെ ഉള്‍പ്പെടുത്തി രണ്ട് തവണ ചര്‍ച്ച നടത്തി. അബ്ദുള്‍ വഹാബ് വിഭാഗം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായെങ്കിലും കാസിം ഇരിക്കൂറും അണികളും തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് അറിയിച്ചതോടെയാണ് മധ്യസ്ഥ ശ്രമം ഉപേക്ഷിക്കുന്നതെന്നാണ് വിവരം.
കാസിം ഇരിക്കൂര്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണം എന്നതടക്കമുള്ള കടുംപിടുത്തങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് വഹാബ് വിഭാഗം അറിയിച്ചിരുന്നു. എന്നാല്‍ രണ്ടാം ചര്‍ച്ചയിലും കാസിം ഇരിക്കൂര്‍ വിഭാഗവുമായി സമവായത്തിലെത്താന്‍ സാധിച്ചില്ല.
ജൂലൈ 25ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന യോഗത്തിനിടെയായിരുന്നു ഐഎന്‍എല്‍ നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. പരസ്പരം ആരോപണങ്ങളുന്നയിച്ചതിന് ശേഷം അബ്ദുള്‍ വഹാബ് കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാത്തുനിന്ന് നീക്കുകയായിരുന്നു. പിളര്‍പ്പ് വ്യക്തമാക്കി ഇരുനേതാക്കളും സമാന്തര സെക്രട്ടേറിയറ്റ് യോഗം വിളിക്കുകയും ചെയ്തിരുന്നു. അതിനുശേഷം കണ്ണൂരും കാസര്‍കോടും ഐഎന്‍എല്‍ യോഗത്തിനിടെ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു.

No comments