അഡ്‌ലെയ്ഡ് ടെസ്റ്റ്: ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു, ഓസീസ് കൂറ്റന്‍ ലീഡിലേക്ക്
അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍(Australia vs England) ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 473 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് മൂന്നാം ദിനം 236ന് പുറത്ത്. 247 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയെങ്കിലും ഇംഗ്ലണ്ടിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഓസ്ട്രേലിയ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയിലാണ്.
21 റണ്‍സോടെ മാര്‍ക്കസ് ഹാരിസും(Marcus Harris) രണ്ട് റണ്‍സുമായി നൈറ്റ് വാച്ച്മാന്‍ മൈക്കല്‍ നെസറും(Michael Neser) ക്രീസില്‍. 13 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടെ(David Warner) വിക്കറ്റാണ് ഓസീസിന് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. വാര്‍ണര്‍ റണ്ണൗട്ടാവുകയായിരുന്നു. ഒമ്പത് വിക്കറ്റും രണ്ട് ദിവസവും ബാക്കിയിരിക്കെ ഓസ്ട്രേലിയക്ക് ഇപ്പോള്‍ 282 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.
നേരത്തെ മൂന്നാം ദിനം 17-2 എന്ന സ്കോറില്‍ ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ടിനായി മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഡേവിഡ് മലനും ജോ റൂട്ടും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി മികച്ച സ്കോറിനുള്ള അടിത്തറയിട്ടെങ്കിലും മധ്യനിരക്ക് അത് മുതലാക്കാനായില്ല. ഇരുവരും ചേര്‍ന്ന് ഇംഗ്ലണഅടിനെ 150 റണ്‍സിലെത്തിച്ചെങ്കിലും ജോ റൂട്ടിനെ പുറത്താക്കിയ കാമറോണ്‍ ഗ്രീന്‍ കൂട്ടുകെട്ട് പൊളിച്ചതോടെ ഇംഗ്ലണ്ടിന്‍റെ തകര്‍ച്ചയും തുടങ്ങി.
62 റണ്‍സെടുത്ത ഗ്രീനിന് പിന്നാലെ ഡേവിഡ് മലനെ(80) സ്റ്റാര്‍ക്ക് മടക്കി. ഓലി പോപ്പിനെ(5) ലിയോണും ജോസ് ബട്‌ലറെ(0) സ്റ്റാര്‍ക്കും വീഴ്ത്തിയതോടെ 150-2 എന്ന സ്കോറില്‍ നിന്ന് 169-6ലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി.ബെന്‍ സ്റ്റോക്സും(34), ക്രിസ് വോക്സും(24) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വോക്സിനെ ലിയോണ്‍ മടക്കിയതോടെ ഇംഗ്ലണ്ടിന്‍റെ പോരാട്ടം അധികം നീണ്ടില്ല.
സ്റ്റോക്സിനെ ഗ്രീന്‍ വീഴ്ത്തിയതിന് പിന്നാലെ വാലരിഞ്ഞ് ലിയോണും സ്റ്റാര്‍ക്കും ചേര്‍ന്ന് ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിച്ചു.ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് നാലും നേഥന്‍ ലിയോണ്‍ മൂന്നും വിക്കറ്റെടുത്തപ്പോള്‍ കാമറോണ്‍ ഗ്രീന്‍ രണ്ട് വിക്കറ്റെടുത്തു.
No comments