Breaking News

ഐ.പി.എൽ മെഗാ ലേലം ; 896 ഇന്ത്യക്കാര്‍, 318 വിദേശികള്‍; ഗെയ്ൽ യുഗത്തിന് അന്ത്യം

 ഐ.പി.എൽ മെഗാ ലേലം ; 896 ഇന്ത്യക്കാര്‍, 318 വിദേശികള്‍; ഗെയ്ൽ യുഗത്തിന് അന്ത്യം



ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ 2022 സീസണിനു മുന്നോടിയായുള്ള മെഗാലേലത്തില്‍ പങ്കെടുക്കാനായി 1214 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തെന്നു ബി.സി.സി.ഐ. ഇതില്‍ 896 ഇന്ത്യന്‍ താരങ്ങളും 318 വിദേശ താരങ്ങളും ഉള്‍പ്പെടുന്നുവെന്നും ബോര്‍ഡ് വ്യക്തമാക്കി.ലേലത്തിനു രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ജനുവരി 20 ആയിരുന്നു. 10 ഫ്രാഞ്ചൈസികളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. ലേലത്തില്‍ രജിസ്റ്റര്‍ ചെയ്ത താരങ്ങളില്‍ 270 പേര്‍ മാത്രമാണ് ക്യാപ്ഡ് താരങ്ങള്‍. 903 പേര്‍ അണ്‍ക്യാപ്പ്ഡ് താരങ്ങളും, 41 പേര്‍ അസോസിയേറ്റ് കളിക്കാരുമാണ്.ഓസ്ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണറും ടീമംഗം മിച്ചല്‍ മാര്‍ഷും ഉള്‍പ്പെടെ 49 താരങ്ങള്‍ 2 കോടി അടിസ്ഥാന വിലയില്‍ വരുന്നവരാണ്. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ വാര്‍ണര്‍ ടൂര്‍ണമെന്റിലെ താരവും മാര്‍ഷ് ഫൈനലിലെ പ്ലെയര്‍ ഓഫ് ദ മാച്ചും ആയിരുന്നു. കൂടാതെ, ആര്‍ അശ്വിന്‍, ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, സുരേഷ് റെയ്‌ന, പാറ്റ് കമ്മിന്‍സ്, ആദം സാമ്പ, സ്റ്റീവന്‍ സ്മിത്ത്, ഷാക്കിബ് അല്‍ ഹസന്‍, മാര്‍ക്ക് വുഡ്, ട്രെന്റ് ബോള്‍ട്ട്, ഫാഫ് ഡു പ്ലെസിസ്, ക്വിന്റണ്‍ ഡി കോക്ക്, കഗിസോ റബാഡ, ഡ്വെയ്ന്‍ ബ്രാവോ എന്നിവരാണ് രണ്ടു കോടി പട്ടികയില്‍ വരുന്ന മറ്റു പ്രമുഖര്‍.

ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക സ്വന്തമാക്കുമെന്നു പ്രതീക്ഷിക്കുന്ന ഒരുപിടി താരങ്ങളും ഈ പട്ടികയില്‍ ഉണ്ട്. ഇന്ത്യന്‍ താരങ്ങളില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിടുതല്‍ ചെയ്ത യുവതാരം ശ്രേയസ് അയ്യരാണ് ഇതില്‍ പ്രമുഖന്‍. വിശ്വസ്ത ബാറ്റ്‌സ്മാനും മികച്ച നായകപാടവവുമുള്ള ശ്രേയസിനായി ടീമുകള്‍ മത്സരിച്ചേക്കും. ഈ മെഗാ ലേലത്തിലെ ഏറ്റവും വിലയേറിയ താരമായി ശ്രേയസ് മാറിയാലും അദ്ഭുതപ്പെടാനില്ല.

വിദേശ താരങ്ങളില്‍ ബൗളര്‍മാര്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ദക്ഷിണാഫ്രിക്കന്‍ പേസ് സെന്‍സേഷന്‍ കാഗിസോ റബാഡ, ഓസ്‌ട്രേലിയന്‍ പേസറും നായകനുമായ പാറ്റ് കമ്മിന്‍സ് എന്നിവരാണ് ഇവരില്‍ പ്രമുഖര്‍. കൂടാതെ ഇന്ത്യന്‍ താരങ്ങളായ ഇഷാന്‍ കിഷന്‍, ശിഖര്‍ ധവാന്‍ എന്നിവരും കോടികള്‍ വാരിയേക്കും.

അതേസമയം ഒരു യുഗാന്ത്യത്തിനു കൂടിയാണ് ഇത്തവണത്തെ മെഗാ ലേലം സാക്ഷ്യം വഹിക്കുന്നത്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്മായ വെസ്റ്റിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ ഇക്കുറി ലേലത്തിനില്ല. ഗെയ്ല്‍ ലേലത്തിനു പേര് രജിസ്റ്റര്‍ ചെയ്തില്ലെന്നു ബി.സി.സി.ഐ. അറിയിച്ചു. ഗെയ്‌ലിനു പുറമേ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറന്‍ എന്നിവരും ലേലത്തില്‍ നിന്നു വിട്ടുനില്‍ക്കുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു.

ഫെബ്രുവരി 12, 13 തീയതികളില്‍ ബാംഗ്ലൂരില്‍ വെച്ച് ലേലം നടത്താനാണ് ബി.സി.സി.ഐ. ആലോചിക്കുന്നത്. ഐ.പി.എല്‍. ഫ്രാഞ്ചൈസികളില്‍ മിക്കവരും ലേലം നിര്‍ത്തലാക്കണമെന്ന് ആഗ്രഹിക്കുന്നതിനാല്‍ ബി.സി.സി.ഐ. നടത്തുന്ന അവസാനത്തെ മെഗാ ലേലമായിരിക്കും ഇത്.

No comments