Breaking News

'ലിബറൽ വ്യക്തിവാദങ്ങളിലൂടെ എന്തു വിപ്ലവമാണ് എസ്എഫ്‌ഐ നടപ്പാക്കുന്നത്?''- വിമർശനവുമായി സുന്നി എപി വിഭാഗം വിദ്യാർത്ഥി സംഘടന


സമൂഹത്തിന്റെ നന്മയും നിലനിൽപ്പും പരിഗണിക്കാത്ത ലിബറൽ വ്യക്തിവാദങ്ങളിലൂടെ എന്ത് വിപ്ലവമാണ് സമൂഹത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് എസ്എഫ്‌ഐ വ്യക്തമാക്കണമെന്ന് സമസ്ത എപി വിഭാഗം വിദ്യാർത്ഥി സംഘടന. സാമൂഹിക ജീവിതത്തെ അരാജകമാക്കുകയും സാംസ്‌കാരിക-സദാചാര മേഖലയിൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ലിബറൽ ചിന്തകളുടെ പ്രചാരകരും പ്രയോക്താക്കളുമായി ഇടതുപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾ മാറിയിരിക്കുകയാണെന്നും എസ്എസ്എഫ് സംസ്ഥാന സമിതി കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എസ്എഫ്‌ഐക്ക് എസ്എസ്എഫിന്റെ വിമർശനം.

കാമ്പസുകൾക്കകത്ത് നിലപാടുള്ള രാഷ്ട്രീയം പറയാനോ നിലവാരമുള്ള രാഷ്ട്രീയം പ്രദർശിപ്പിക്കാനോ സാധിക്കാതെ വരുമ്പോഴുള്ള നിസ്സഹായതയിൽനിന്നാണ് പൈങ്കിളി രാഷ്ട്രീയത്തിലേക്കുള്ള ഈ പരകായപ്രവേശമെന്നും കുറിപ്പിൽ കുറ്റപ്പെടുത്തി. കേരള വർമ്മ കോളജിലെ നവാഗതർക്ക് സ്വാഗതമോതിക്കൊണ്ടുള്ള ബോർഡുകളിലും പ്രത്യക്ഷപ്പെട്ടത് ഈ തുണിയഴിക്കൽ വിപ്ലവമായിരുന്നെന്നും വിമർശനം നീളുന്നു. കാമ്പസുകളിൽ ലൈംഗിക അരാജകത്വം കൊണ്ടുവരിക എന്നത് പൊതുമിനിമം പരിപാടിയായി പാർട്ടി സ്വീകരിച്ചിട്ടുണ്ടോ എന്നും കുറിപ്പിൽ ചോദിച്ചു.

ചൂഷണമുക്തമായ ഒരു രീതിശാസ്ത്രമെന്ന വ്യാജേന അവതരിച്ച ലിബറലിസം അരാജകത്വവും സദാചാരരാഹിത്യവുമാണ് സംഭാവന ചെയ്തത്. അവയെ കേരളത്തിലെ കാമ്പസുകളിലേക്ക് കെട്ടിയിറക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. മതത്തിൽനിന്ന് മാനവികതയിലേക്ക് ക്ഷണിക്കുന്നവർ അമാനവികമായ ഈ ചിന്താധാരയെ പുൽകുന്നതിലെ ഗൂഢലക്ഷ്യം പൊതുസമൂഹം തിരിച്ചറിയണം. മനുഷ്യനെ ലൈംഗികതയിലേക്ക് മാത്രം ചുരുക്കുകയും അവന്റെ ആത്മാവിന്റെ ദാഹത്തിന് ശമനം നൽകാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന ലിബറൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ദുർബലതയെ കൂടി വിവേകമുള്ളവർ മനസ്സിലാക്കണം-കുറിപ്പിൽ ആവശ്യപ്പെട്ടു.

No comments