Breaking News

വിദ്യാര്‍ത്ഥികള്‍ക്ക് എന്തിന് ഈ കൈവിലങ്ങ്? വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച എംഎസ്എഫ് സമരക്കാരെ വിലങ്ങണിയിച്ചതില്‍ വ്യാപക പ്രതിഷേധം

 വിദ്യാര്‍ത്ഥികള്‍ക്ക് എന്തിന് ഈ കൈവിലങ്ങ്?

വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച എംഎസ്എഫ് സമരക്കാരെ വിലങ്ങണിയിച്ചതില്‍ വ്യാപക പ്രതിഷേധം


വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കുനേരെ കൊയിലാണ്ടിയില്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച എംഎസ്എഫ് പ്രവര്‍ത്തകരെ വിലങ്ങുവെച്ച പൊലീസ് നടപടിയില്‍ പ്രതിഷേധം രൂക്ഷമാവുന്നു. എസ്.എസ്.എല്‍.സി.ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ വിദ്യാര്‍ഥികള്‍ക്കുപോലും പ്ലസ് വണ്‍ സീറ്റ് ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു എംഎസ്എഫിന്റെ പ്രതിഷേധം. കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ എം എസ് എഫ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് കൈവിലങ്ങ് വെച്ചത് സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്ക്കുകയാണ്.

വിദ്യാഭ്യാസമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റുചെയ്ത എംഎസ്എഫ് നേതാക്കളായ ടി ടി അഫ്രിന്‍, സി ഫസീഹ് എന്നിവരെ കൊയിലാണ്ടി പോലീസ് കൈവിലങ്ങണിയിച്ച് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയതാണ് വ്യാപക പ്രതിഷേധം ഉയരാനിടയാക്കിയത്. സമരംചെയ്യുന്ന വിദ്യാര്‍ഥിനേതാക്കളെ കൊടുംകുറ്റവാളികളെപ്പോലെ വിലങ്ങുവെച്ച് കൊണ്ടുപോയത് അപലപനീയമാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, ജനറല്‍ സെക്രട്ടറി സി കെ നജാഫ് എന്നിവര്‍ പറഞ്ഞു.

മുസ്ലീം ലീഗ് നേതാക്കളും പൊലീസ് നടപടിയില്‍ ശക്തമായി പ്രതിഷേധിച്ച് രംഗത്തുവന്നു. ന്യായമായ കാര്യത്തിന് സമരം നടത്തിയ വിദ്യാര്‍ത്ഥികളെ കൈ വിലങ്ങ് വെച്ചത് നിയമ വിരുദ്ധമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കൈ വിലങ്ങ് വയ്ക്കുന്നത് സംബന്ധിച്ചു സുപ്രീം കോടതിയുടെ കൃത്യമായ നിര്‍ദേശം ഉണ്ട്. പൊലീസിനെ കയറൂരി വിട്ടത് പോലെയാണ് കാര്യങ്ങളെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. കൈ വിലങ്ങ് വച്ചതിനെ നിയമപരമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഭരണം മാറുമെന്ന് പൊലീസ് ഓര്‍ക്കണമെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. രാജഭക്തി കാണിക്കാനാണ് പൊലീസ് ഇങ്ങനെ ചെയ്തതെന്നും ഭരണം കയ്യില്‍ ഉണ്ടെന്ന് കരുതി എന്തും ചെയ്യരുതെന്നും സലാം പറഞ്ഞു. പൊലീസിന്റേത് ഇരട്ട നീതിയാണെന്നും മുസ്ലീം ലീഗ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ലീഗ് നേതാവ് എംകെ മുനീര്‍ കടുത്ത അനീതിയാണിതെന്നും ജനാധിപത്യ കേരളം ലജ്ജിച്ച് തല താഴ്‌ത്തേണ്ട വിഷയമാണിതെന്നും പറഞ്ഞു. പിണറായി വിജയന്റെ പൊലീസ് കൂലി പട്ടാളമായി മാറിയെന്ന് പറഞ്ഞ മുനീര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എന്ത് ചെയ്താലും പരവതാനി വിരിച്ച് സ്വീകരിക്കുന്നുവെന്നും കുറ്റപ്പെടുത്തി. തീവ്രവാദികളെ കൊണ്ടുപോകും പോലെയാണ് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ കൊണ്ടുപോവുന്നതെന്നും കുറ്റപ്പെടുത്തി.

പൊലീസ് നടപടിയില്‍ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയെ കടന്നാക്രമിക്കാനും മുനീര്‍ മടിക്കുന്നില്ല. പിണറായിയുടെ നാട് ഇപ്പോള്‍ കേരളമല്ല, അമേരിക്കയാണെന്നും നാട്ടിലുള്ളവരെ മുഴുവന്‍ പീഡിപ്പിച്ച് അമേരിക്കയില്‍ പോയി വലിയ തള്ള് നടത്തുകയാണ് പിണറായിയെന്നും എംകെ മുനീര്‍ പരിഹസിച്ചു

No comments