തിരഞ്ഞെടുപ്പ് ചൂടിനിടെ ഐപിഎല്‍ 2024 സീസൺ മാര്‍ച്ച് 22 ന് ആരംഭിക്കും; വേദി ഇന്ത്യ തന്നെ
തിരഞ്ഞെടുപ്പ് ചൂടിനിടെ ഐപിഎല്‍ 2024 സീസൺ മാര്‍ച്ച് 22 ന് ആരംഭിക്കും; വേദി ഇന്ത്യ തന്നെ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണ്‍ മാര്‍ച്ച് 22ന് തുടക്കമാകുമെന്ന് റിപ്പോര്‍ട്ട്. ഐപിഎല്ലിന്റെ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ അരുണ്‍ ധുമാലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എല്ലാ മത്സരങ്ങള്‍ക്കും ഇന്ത്യ തന്നെ വേദിയാകും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റണ്ണേഴ്സ് അപ്പായ ഗുജറാത്ത് ടൈറ്റന്‍സുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്ലിന്റെ 17-ാം സീസണ്‍ എന്ന് തുടങ്ങുമെന്നും എവിടെ വച്ചാകുമെന്നും അനിശ്ചിതത്വം നിലനിന്നിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍- മെയ് മാസങ്ങളില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതാണ് ഐപിഎല്‍ 17-ാം പതിപ്പിന്റെ ഷെഡ്യൂള്‍ ഇതുവരെ പുറത്തുവരാത്തതിന്റെ പ്രധാന കാരണം.
ആദ്യ 15 ദിവസത്തെ ഷെഡ്യൂള്‍ മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷമായിരിക്കും ബാക്കി മത്സരങ്ങളുടെ പട്ടിക തീരുമാനിക്കുകയെന്നും ധുമാല്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തിയതികള്‍ അടുത്ത മാസം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

No comments