Breaking News

'മെസ്സി കളിച്ചില്ല, പണം തിരികെ വേണം'; ഇന്റര്‍ മയാമിക്കെതിരെ പ്രതിഷേധവുമായി ആരാധകര്‍

 'മെസ്സി കളിച്ചില്ല, പണം തിരികെ വേണം'; ഇന്റര്‍ മയാമിക്കെതിരെ പ്രതിഷേധവുമായി ആരാധകര്‍




ഹോങ്കോങ്: ഇതിഹാസ താരം ലയണല്‍ മെസ്സി മത്സരത്തിനിറങ്ങാത്തതില്‍ ഇന്റര്‍ മയാമിക്കെതിരെ പ്രതിഷേധിച്ച് ആരാധകര്‍. ഹോങ്കോങ് ഇലവനെതിരായ മത്സരത്തില്‍ മെസ്സി കളിക്കാനിറങ്ങുമെന്ന് പ്രതീക്ഷിച്ച് സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയ ആരാധകരാണ് പ്രതിഷേധിച്ചത്. പ്രദര്‍ശന മത്സരം സംഘടിപ്പിച്ചവര്‍ക്കെതിരെ ഹോങ്കോങ് സര്‍ക്കാര്‍ നിയമനടപടിക്ക് ഒരുങ്ങുകയും ചെയ്തു.

മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയും ഹോങ്കോങ് ഇലവനും തമ്മിലുള്ള പ്രീ സീസണ്‍ ഫ്രണ്ട്‌ലി മത്സരത്തിലായിരുന്നു പ്രതിഷേധം ഉയര്‍ന്നത്. മയാമിയുടെ ഹോങ്കോങ് പര്യടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തില്‍ സൂപ്പര്‍ താരം മെസ്സി കളിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ അവസാനം വരെ മെസ്സി ഇറങ്ങാത്തതില്‍ ദേഷ്യപ്പെട്ട് ആരാധകര്‍ പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. ഹോങ്കോങ് ഇലവനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി വിജയിച്ചിരുന്നു.

മത്സരം സംഘടിപ്പിച്ചവര്‍ക്കെതിരെ ഹോങ്കോങ് സര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലയണല്‍ മെസ്സി കളിക്കും എന്ന് പറഞ്ഞാണ് മത്സരം സംഘടിപ്പിച്ചതും ടിക്കറ്റ് വില്പന നടത്തിയതും. ഇതിന്റെ ഭാഗമായി ഏതാണ്ട് 25 കോടി രൂപ സര്‍ക്കാര്‍ സഹായം നല്‍കിയിരുന്നു. എന്നാല്‍ സംഘാടകര്‍ക്ക് വാക്കു പാലിക്കാന്‍ സാധിക്കാതിരുന്നതോടെ ഗ്രാന്റായി നല്‍കിയ തുക തിരിച്ചടയ്ക്കുന്നതടക്കമുള്ള നടപടികള്‍ സംഘാടകര്‍ക്കെതിരെ എടുക്കുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.

ലയണല്‍ മെസ്സിയെ കാണാന്‍ 38,323 ആളുകളാണ് സ്‌റ്റേഡിയത്തിലെത്തിയത്. എല്ലാവരും 1,000 ഹോങ്കോങ് ഡോളറിന് മുകളില്‍ നല്‍കിയാണ് ടിക്കറ്റെടുത്തത്. എന്നാല്‍ മെസ്സിയും ലൂയി സുവാരസും മൈതാനത്തിറങ്ങിയില്ല. രണ്ടാം പകുതിയുടെ പകുതിയില്‍ തന്നെ ഹോങ്കോംഗ് സ്റ്റേഡിയത്തിന് ചുറ്റും 'ഞങ്ങള്‍ക്ക് മെസ്സിയെ വേണം' എന്ന ചാന്റ് ഉയരുന്ന സംഭവവും ഉണ്ടായി. ടിക്കറ്റിന്റെ തുക തിരികെ തരണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടു. ഇത് അഴിമതിയാണെന്നും ആരോപണമുയര്‍ന്നു.

No comments