Breaking News

25 പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസി അന്വേഷണം ; 23 പേരും ബിജെപിയിലെത്തി, അന്വേഷണം മരവിച്ചു

 25 പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസി അന്വേഷണം ; 23 പേരും ബിജെപിയിലെത്തി, അന്വേഷണം മരവിച്ചു




ഒന്നാം മോദി സർക്കാർ 2014ൽ അധികാരത്തിലേറിയ ശേഷം രാജ്യത്ത് കേന്ദ്ര അന്വേഷണ ഏജൻസികൾ അഴിമതി കേസുകൾ രജിസ്റ്റർ ചെയ്തത് പ്രതിപക്ഷത്തെ 25 നേതാക്കൾക്കെതിരെ. എന്നാൽ ഇതിൽ 23 നേതാക്കൾക്കെതിരായ കേസുകളും ഒന്നുകിൽ അവസാനിപ്പിക്കുകയോ അല്ലെങ്കിൽ അന്വേഷണം മരവിപ്പിക്കുകയോ ചെയ്ത നിലയിലാണെന്ന് ദി ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഈ അന്വേഷണങ്ങൾ കോൺഗ്രസിൽ നിന്നുള്ള 10 ഉം എൻസിപിയിലെ നാലും ശിവസേനയിലെ നാലും തൃണമൂൽ കോൺഗ്രസിലെ മൂന്നും ടിഡിപിയിലെ രണ്ടും സമാജ്‌വാദി പാർട്ടിയുടെയും വൈഎസ്ആർ കോൺഗ്രസിൻ്റെയും ഓരോ നേതാക്കൾക്കും എതിരെയായിരുന്നു.

എന്നാൽ അന്വേഷണം നേരിട്ടവരിൽ 23 പേരുടെയും രാഷ്ട്രീയ നിലപാട് മാറ്റം അന്വേഷണം മരവിപ്പിക്കുന്നതിലേക്കും അവസാനിപ്പിക്കുന്നതിലേക്കും നയിച്ചു. മൂന്ന് കേസുകളിൽ അന്വേഷണം അവസാനിപ്പിച്ചു. 20 എണ്ണം മരവിപ്പിച്ചു. അതിൽ തന്നെ അന്വേഷണം നേരിടുന്നവരിൽ ആറ് നേതാക്കൾ കഴിഞ്ഞ ആറ് മാസത്തിനിടെ ബിജെപിയിൽ ചേർന്നവരാണ്. എൻഡിഎ അധികാരത്തിലെത്തിയ ശേഷം സിബിഐയും ഇഡിയും നടപടി സ്വീകരിച്ച നേതാക്കളിൽ 95 ശതമാനവും പ്രതിപക്ഷത്ത് നിന്നായിരുന്നു.

അജിത് പവാർ, പ്രഫുൽ പട്ടേൽ, ഹിമന്ത ബിശ്വ ശർമ എന്നിവരെ കൂടാതെ പ്രതാപ് സർനായ്ക്, ഹസൻ മുഷ്‌രിഫ്, ഭാവന ഗവാലി, യാമിനി യാദവ്, ഭർത്താവ് യശ്വന്ത് യാദവ്, സിഎം രമേഷ്, രണിന്ദർ സിങ്, സഞ്ജയ് സേത്, കെ ഗീത, സോവൻ ചാറ്റർജി, ഛഗൻ ഭുജ്ബാൽ, കൃപാശങ്കർ സിങ്, ദിഗംബർ കാമത്ത്, നവീൻ ജിൻഡൽ, തപസ് റോയ്, ഗീത കോഡ, ബാബ സിദ്ധിഖി, കോൺഗ്രസ് നേതാവായിരുന്ന ജ്യോതി മിർധ, സുജന ചൗധരി എന്നിവരാണ് വിവിധ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ വിട്ട് ബിജെപിയിൽ ചേർന്നത്.

No comments