അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതല്‍ ആദ്യം ഗ്രൗണ്ട് ടെസ്റ്റും പിന്നെ റോഡ് ടെസ്റ്റും തുടരും
അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം
ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതല്‍
ആദ്യം ഗ്രൗണ്ട് ടെസ്റ്റും പിന്നെ റോഡ് ടെസ്റ്റും തുടരും
തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം മന്ത്രി കെ.ബി ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു പിന്‍വലിച്ചതിനാല്‍ ഇന്നുമുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കും. ഒരു മോട്ടോര്‍ വാഹന ഓഫീസിന് കീഴില്‍ ദിവസേന 40 ഡ്രൈവിങ് ടെസ്റ്റുകള്‍ എന്ന നിര്‍ദേശം ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ദിവസേന 40 ടെസ്റ്റുകള്‍ എന്ന് പരിഷ്‌കരിക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു.
രണ്ടു എംവിഐമാര്‍ ഉള്ള ഓഫീസുകളില്‍ ദിവസവും 80 ടെസ്റ്റുകള്‍ നടക്കും. ഇവയുള്‍പ്പെടെ ഉന്നയിച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ അംഗീകരിച്ചതോടെയാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചത്.
ലൈസന്‍സ് അപേക്ഷകരുടെ എണ്ണം കണക്കിലെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍നിന്നു കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് ടെസ്റ്റുകളുടെ എണ്ണം കൂട്ടും. ടെസ്റ്റിനു വേണ്ടി ആധുനിക വാഹനങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കുന്നതു വരെ 2 വീതം ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു.
ഡ്രൈവിങ് ടെസ്റ്റിന് 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ അനുവദിക്കും. നിലവിലെ മാതൃകയില്‍ ആദ്യം ഗ്രൗണ്ട് ടെസ്റ്റും തുടര്‍ന്ന് റോഡ് ടെസ്റ്റുമാകും തുടര്‍ന്നും നടത്തുക. ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍ ക്യാമറ സ്ഥാപിക്കണമെന്ന നിര്‍ദേശം ഡ്രൈവിങ് സ്‌കൂളുകാര്‍ അംഗീകരിച്ചു. ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍ മോട്ടര്‍ വാഹന വകുപ്പ് ക്യാമറ വാങ്ങി ഘടിപ്പിക്കും. ഇതിലെ ദൃശ്യങ്ങള്‍ 3 മാസം വരെ ആര്‍ടി ഓഫിസിലെ കംപ്യൂട്ടറില്‍ സൂക്ഷിക്കും. ഡ്രൈവിങ് ടെസ്റ്റിന് ഈടാക്കുന്ന ഫീസ് ഏകീകരിക്കാന്‍ സമിതിയെ നിയോഗിക്കും. കെഎസ്ആര്‍ടിസി 10 കേന്ദ്രങ്ങളില്‍ ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

No comments