Breaking News

മദ്യപിച്ചത് കുറച്ച് കൂടിപ്പോയി; മോഷണത്തിനിടെ ഉറക്കം, വിളിച്ചുണര്‍ത്തിയത് പൊലീസ്

 മദ്യപിച്ചത് കുറച്ച് കൂടിപ്പോയി; മോഷണത്തിനിടെ ഉറക്കം, വിളിച്ചുണര്‍ത്തിയത് പൊലീസ്




മോഷണത്തിനിടെ ഉറങ്ങിപ്പോയ കള്ളനെ ഉണര്‍ത്തിയത് പൊലീസ്. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം നടന്നത്. അമിത ലഹരിയിലായിരുന്ന കള്ളന്‍ മോഷണ ശ്രമത്തിനിടെ ഉറങ്ങിപ്പോകുകയായിരുന്നു. അടുത്ത ദിവസം ഇയാളെ വിളിച്ചുണര്‍ത്തിയതാകട്ടെ പൊലീസും. കണ്ണ് തുറന്നപ്പോള്‍ പൊലീസിനെ കണ്ടതോടെ പ്രതിയും ഞെട്ടി.

ഇന്ദിരാ നഗറിലെ സെക്ടര്‍ 20ല്‍ ഡോ സുനില്‍ പാണ്ഡെയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ബല്‍റാംപൂര്‍ ഹോസ്പിറ്റലില്‍ ജോലി നോക്കുന്ന സുനില്‍ പാണ്ഡെ ഇപ്പോള്‍ വാരാണസിയിലാണ് താമസം. വീട് പൂട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പിടിയിലായ കപില്‍ വീട് കുത്തിത്തുറന്ന് അകത്ത് കയറിയത്.

രാവിലെ വീടിന്റെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയ അയല്‍വാസികള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വീടിനുള്ളില്‍ സാധനങ്ങള്‍ ചിതറി കിടക്കുന്നതും ്സമീപവാസികളില്‍ സംശയം സൃഷ്ടിച്ചിരുന്നു. ഗാസിപൂര്‍ പൊലീസ് സ്ഥലത്തെത്തി വീട് പരിശോധിച്ചപ്പോഴാണ് ഉറങ്ങിക്കിടക്കുന്ന കള്ളനെ കണ്ടത്.

തുടര്‍ന്ന് ഇയാളെ വിളിച്ചുണര്‍ത്തിയതും പൊലീസ് ആയിരുന്നു. വീട്ടിലെ അലമാര തകര്‍ത്ത് പണവും വാട്ടര്‍ പമ്പും ഉള്‍പ്പെടെ മോഷ്ടിച്ചെങ്കിലും എല്ലാം ഉറങ്ങിക്കിടന്ന കപിലിന് സമീപത്തുണ്ടായിരുന്നു. ഇന്‍വേര്‍ട്ടര്‍ ബാറ്ററി മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് കപില്‍ ക്ഷീണിച്ച് ഉറങ്ങിപ്പോയതെന്ന് പൊലീസ് പറയുന്നു.

No comments