റിലീസിന് മുമ്പ് 'കുറുപ്പ്' ബുർജ് ഖലീഫയിൽ; മലയാള സിനിമയിൽ ഇതാദ്യം നവംബർ 10ന് രാത്രി 8 മുതല്‍ 8.30 വരെയാണ് ചിത്രത്തിന്റെ ട്രെയ്ലർ പ്രദർശിപ്പിക്കുക
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ കുറുപ്പിന്റെ ട്രെയ്‍ലർ പ്രദർശിപ്പിക്കുന്നു. ഇതാദ്യമായാണ് ബുർജ് ഖലീഫയിൽ ഒരു മലയാള ചിത്രത്തിൻറെ ട്രെയ്‍ലർ പ്രദർശിപ്പിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നവംബർ 10ന് രാത്രി 8 മുതൽ 8.30 വരെയാണ് ചിത്രത്തിന്റെ ട്രെയ്ലർ പ്രദർശിപ്പിക്കുക.
നവംബർ 12നാണ് തീയേറ്ററുകളിൽ അഞ്ച് ഭാഷകളിലായി കുറുപ്പ് പ്രദർശനത്തിനെത്തുന്നത്. കേരളത്തിൽ മാത്രം ചിത്രത്തിന് നാനൂറിലേറെ തിയറ്ററുകളിൽ റിലീസ് ഉണ്ടാവുമെന്നാണ് അറിയുന്നത്. ദുൽഖറിൻറെ അരങ്ങേറ്റചിത്രമായിരുന്ന സെക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ചിത്രം ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമാണ്. 35 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ദുൽഖർ സൽമാൻറെ ഉടമസ്ഥതയിലുള്ള വേഫെയറർ ഫിലിംസും എം സ്റ്റാർ എൻറർടെയ്‍ൻമെൻറ്സും ചേർന്നാണ് നിർമ്മാണം.
ജിതിൻ കെ ജോസിൻറെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
No comments