Breaking News

ഒഡിഷ തീവണ്ടി ദുരന്തം 40 ഓളം മൃതദേഹങ്ങളില്‍ മുറിവോ ചതവുകളോ ഇല്ല, മരണം 278 ആയി

 ഒഡിഷ തീവണ്ടി ദുരന്തം

40 ഓളം മൃതദേഹങ്ങളില്‍ മുറിവോ ചതവുകളോ ഇല്ല, മരണം 278 ആയി

ഭുവനേശ്വർ: ഒഡിഷ യിൽ 278 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിൽ നാൽപതോളം പേരുടെ മരണത്തിന് കാരണം വൈദ്യുതാഘാതമേറ്റതാകാമെന്ന് റിപ്പോർട്ട്. അപകടത്തിൽപെട്ട കോറമണ്ഡൽ എക്സ്പ്രസിൽ നിന്ന് ലഭിച്ച നാൽപതോളം പേരുടെ മൃതദേഹത്തിൽ ബാഹ്യമായ പരിക്കുകളൊന്നും ഇല്ലെന്നാണ് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

പാളം തെറ്റിയ കോറമണ്ഡൽ എക്സ്പ്രസിലെ ബോഗികളിൽ ഇടിച്ച് ശ്വന്തപുർ- ഹൗറ എക്സ്പ്രസും മറിഞ്ഞിരുന്നു. ഈ സമയത്ത് വൈദ്യുതി ലൈൻ പൊട്ടി വീണിരുന്നു. ഇതിൽ നിന്ന് ഷോക്കേറ്റതാകാം നാൽപത് പേരുടെ മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

'ഒട്ടനേകം പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധത്തിലായിരുന്നു. എന്നാൽ, 40 പേരുടെ മൃതദേഹം കണ്ടെടുത്തപ്പോൾ ശരീരത്തിൽ മുറിവുകളോ ചോര പൊടിയുന്നതായോ കണ്ടെത്താൻ സാധിച്ചിരുന്നില്ല. വൈദ്യുതാഘാതമേറ്റതായിരിക്കാം' പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ട്രെയിന് മുകളിലുള്ള വൈദ്യുതി കമ്പിയിൽ നിന്ന് ബോഗിയിലേക്ക് വൈദ്യുതാഘാതമേൽക്കാനുള്ള സാധ്യതയുണ്ടെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽ ഉദ്യോഗസ്ഥനായിരുന്ന, മുൻ ചീഫ് ഓപറേഷൻ മാനേജർ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

No comments